ഊര് വക കാഴ്ചകള്‍



" മല്ലിയോട്ടച്ഛനും അടിയന്തിരക്കാരും കൈവിളക്ക് സഹിതം കാഴ്ചയെ വരവേല്‍ക്കുന്നു. അതിന് ശേഷം കാഴ്ച ചുറ്റുമതിലിനകത്ത് പ്രവേശിച്ച് ക്ഷേത്രം വലം വെക്കുന്നു. "


കാഴ്ചപരിപാടികള്‍ സംഘടിപ്പിക്കുന്നതും,കലാ സാംസ്ക്കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും മറ്റും അതാത് കാലങ്ങളില്‍ തിരഞ്ഞെടുക്കുന്ന കാഴ്ച കമ്മറ്റികളാണ്. ഏകദേശം 10 മണിയോടെ കാഴ്ച ക്ഷേത്രപരിസരത്ത് എത്തുന്നു. ഏറ്റവും അധികം ജനങ്ങല്‍ തടിച്ച് കൂടുന്നത് ഈ സമയത്താണ്. മല്ലിയോട്ടച്ഛനും അടിയന്തിരക്കാരും കൈവിളക്ക് സഹിതം കാഴ്ചയെ വരവേല്‍ക്കുന്നു. അതിന് ശേഷം കാഴ്ച ചുറ്റുമതിലിനകത്ത് പ്രവേശിച്ച് ക്ഷേത്രം വലം വെക്കുന്നു.

മല്ലിയോട്ട് ഊര് വക കാഴ്ച


മേടം 1ന് ആദ്യകാലങ്ങളില്‍ കാരാട്ടുള്ള ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്നിന്നായിരുന്നുവത്രേ മല്ലിയോട്ട് ഊരിന്‍റെ കാഴ്ച പുറപ്പെട്ടിരുന്നത്. പിന്നീട് ക്ഷേത്രത്തിന്‍റെ തെക്ക് വശത്തുള്ള ദൈവത്തിന്‍റെ ആരൂഡസ്ഥലത്ത് നിന്ന് മേടം5 പകല്‍ 10മണിയോടെ ആയിരുന്നു കാഴ്ച എന്നും പറയപ്പെടുന്നു. അതിന് ശേഷം ഇപ്പോള്‍ നടക്കുന്നതുപോലെ മേടം 1 ന് അറത്തില്‍ പൊട്ടന്‍ ദൈവസ്ഥാനത്തുനിന്ന് വൈകുന്നേരം 6 മണിയോടെ കാഴ്ച പുറപ്പെട്ട് ഏഴിലോട് കാഴ്ച കമ്മിറ്റി ഓഫീസില്‍ കേന്ദ്രീകരിക്കുന്നു. അവിടെ നിന്നും ഏഴിലോട് - ഏഴിമല റോഡ് വഴി ആണ്ടാം കൊവ്വലില്‍ നിന്നും 10 മണിക്ക് മുമ്പായി അമ്പലപരിസരത്ത് പടിഞ്ഞാറെ നടയില്‍ എത്തുന്നു.

വടക്കുമ്പാട് ഊര് വക കാഴ്ച


എടനാട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിന്‍റെ കിഴക്കെ നടയില്‍ നിന്നും ഏകദേശം 200 മീറ്റര്‍ കിഴക്ക് ഒരു വിശാലമായ സ്ഥലവും പേരാല്‍മരവും ഉണ്ടായിരുന്നു. അവിടെ നിന്നായിരുന്നു പണ്ട് കാലങ്ങളില്‍ വടക്കുമ്പാട് ഊരിന്‍റെ കാഴ്ച പുറപ്പെട്ടിരുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ ആ സ്ഥലം പറമ്പിനോട് ചേര്‍ത്തതോടെ അവിടെ നിന്നും കാഴ്ച ആരംഭിക്കാന്‍ കഴിയാതെ വന്നു. അതിനു ശേഷം എടാട്ട് ആരംഭിച്ച കാഴ്ചകെട്ടിടത്തില്‍ നിന്നാണ് കാഴ്ച ആരംഭിക്കുന്നത്. മേടം 2 ന് വൈകുന്നേരം ഏകദേശം 6 മണിക്ക് കാഴ്ച പുറപ്പെടുന്നു. താമരം കുളങ്ങരയില്‍ എത്തിച്ചേര്‍ന്നാല്‍ പാറയില്‍ മഠപ്പുരയില്‍ നിന്നുമുള്ള ശാഖ ഒരുമിച്ച് ചേരുന്നു. കിഴക്കാനിയില്‍ നിന്നും, അയിലിഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഉള്ളകാഴ്ചകള്‍ കണ്ടംകുളങ്ങരവെച്ച് ഒരുമിച്ച് ചേര്‍ന്ന് ആണ്ടാംകൊവ്വല്‍ വഴി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയില്‍ ഏകദേശം 10 മണിയോടെ എത്തുന്നു. അവിടെ നിന്നും കൈവിളക്കുമായി ആനയിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു.

തലായി ഊര് വക കാഴ്ച


മേടം 3ന് മുന്‍കാലങ്ങളില്‍ അണീക്കര പൂമാലക്കാവിന്‍റെ കീഴിലായിരുന്ന തലായി ഊര്, പൂമാല ഭഗവതിയുടെ അഭീഷ്ടപ്രകാരം മല്ലിയോട്ട് കാവിന് വിട്ട് കൊടുത്തു എന്ന് പറയപ്പെടുന്നു. ആ തലായി ഊരിന്‍റെ കാഴ്ച മേടം 3-ന് ആണ്. വൈകുന്നേരം 3ന് കൊട്ടാരത്തില്‍ കാരണവരുടെ തറവാട്ടില്‍ നിന്ന് പുറപ്പെട്ട് ഉദയപുരം അമ്പലം വഴി പാണച്ചിറമ്മല്‍ കളരില്‍ എത്തുന്നു. അവിടുത്തെ കാഴ്ചയുമായി സംയോജിച്ച് ക്ഷേത്രത്തിന്‍റെ തെക്കേനടയില്‍ കൂടി പ്രവേശിച്ച് ദൈവത്തിന്‍റെ ആരൂഢസ്ഥാനം വലം വെച്ച് തെക്കേ കവാടത്തിലൂടെ ആനയിച്ച് തിരുമുറ്റത്ത് പ്രവേശിക്കുന്നു.

കുതിരുമ്മല്‍ ഊര് വക കാഴ്ച


ആദ്യകാലങ്ങളില്‍ മാട്ടുമ്മല്‍ കളരിയില്‍ നിന്നായിരുന്നു കുതിരുമ്മല്‍ ഊര് വക കാഴ്ച പുറപ്പെട്ടിരുന്നത്. കാലങ്ങള്‍ക്ക് ശേഷം പള്ളിവയലില്‍ നിര്‍മ്മിച്ച കാഴ്ച ഓഫീസില്‍ നിന്ന് കാഴ്ച ആരംഭിക്കാന്‍ തുടങ്ങി. മാട്ടുമ്മല്‍ കളരിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കളരിപ്പറമ്പില്‍ പതിച്ച് കിട്ടിയ സ്ഥലത്ത് കാഴ്ചകെട്ടിടം നിര്‍മ്മിച്ചു. അതിനു ശേഷം അവിടെ നിന്നാണ് കുതിരുമ്മല്‍ ഊര് വക കാഴ്ച മേടം 4 ന് വൈകുന്നേരം 7മണിക്ക് പുറപ്പെടുന്നത്. കുതിരുമ്മല്‍ റോഡ് വഴി ആണ്ടാംകൊവ്വലില്‍ എത്തിച്ചേരുന്ന കാഴ്ച 10 മണിയോടെ ക്ഷേത്ര പരിസരത്ത് എത്തി പടിഞ്ഞാറെ നടയില്‍ നിന്നും വരവേല്‍പ്പിന് ശേഷം ചുറ്റുമതിലിനകത്ത് പ്രവേശിച്ച് വലം വെക്കുന്നു.



" മല്ലിയോട്ടച്ഛനും അടിയന്തിരക്കാരും കൈവിളക്ക് സഹിതം കാഴ്ചയെ വരവേല്‍ക്കുന്നു. അതിന് ശേഷം കാഴ്ച ചുറ്റുമതിലിനകത്ത് പ്രവേശിച്ച് ക്ഷേത്രം വലം വെക്കുന്നു. "


പാലോട്ട് ദൈവം പുറപ്പാട്
ഭരണി ഉത്സവം
ഊര് വക കാഴ്ചകള്‍‍
വിശേഷ അടിയന്തിരങ്ങള്‍
വിശേഷ ചടങ്ങുകള്‍
നേര്‍ച്ചകളും വിവരങ്ങളും